സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആർഎസ് എസ് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ പരിപാടിയിൽ സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ പ്രതിഷേധം കടുപ്പിച്ച് മന്ത്രിമാർ. ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന് ആദ്യം പ്രതികരിച്ച മന്ത്രി ആർ. ബിന്ദു പിന്നീടു നിലപാടു തിരുത്തി.
അക്കാദമിക് സ്വാതന്ത്ര്യത്തെ കാവിത്തൊഴുത്തിൽ കെട്ടാൻ വിസിമാർ കൂട്ടുനിന്നുവെന്നായിരുന്നു ബിന്ദുവിന്റെ പ്രതികരണം. മന്ത്രിയുടെ നിലപാടല്ല പാർട്ടി നിലപാടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം വിശദീകരിച്ചതിനുശേഷമായിരുന്നു മന്ത്രി ബിന്ദു വിസിമാരെ തള്ളിപ്പറയാൻ മുതിർന്നത്.
വിസിമാർക്കനുകൂലമായ മന്ത്രിയുടെ ആദ്യ പ്രതികരണത്തിൽ ശക്തമായ വിയോജിപ്പ് എം.വി. ഗോവിന്ദൻ മന്ത്രി ബിന്ദുവിനെ അറിയിച്ചിരുന്നു.
ആർഎസ്എസിന്റെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയിൽ പങ്കെടുത്ത വൈസ് ചാൻസലർമാർക്കു ഭാവിയിൽ തലകുന്പിട്ടു നിൽക്കേണ്ടിവരുമെന്നായിരുന്നു മന്ത്രി ബിന്ദു പ്രതികരിച്ചത്. സർവകലാശാലകളെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അണിയറകളാക്കാനുള്ള ശ്രമമാണു നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്ധകാര യുഗത്തിലേക്ക് നയിക്കാനുള്ള ശ്രമമാണിതെന്നും മന്ത്രി വിമർശിച്ചു.
മന്ത്രി ബിന്ദുവിനു പിന്നാലെ വിസിമാർക്കെതിരേ മന്ത്രി വി. ശിവൻകുട്ടിയും വിമർശനവുമായെത്തി. ഇടതു നോമിനിയായ കുഫോസ് വിസി എ. ബിജുകുമാർ പരിപാടിയിൽ പങ്കെടുത്തതിനെതിരേയായിരുന്നു ശിവൻകുട്ടിയുടെ വിമർശനം. ആർഎസ്എസിന്റെ പരിപാടിക്കു പോകുന്നവരെ ആ സ്ഥാനത്ത് ഇരുത്തേണ്ട കാര്യമില്ല. സർക്കാർ പ്രതിനിധി സർക്കാരിന്റെ അനുവാദമില്ലാതെയാണു പരിപാടിയിൽ പങ്കെടുത്തത്. ഇത്തരക്കാരെ സ്ഥാനത്തുനിന്നു മാറ്റണം. ഇക്കാര്യത്തിൽ ഉന്നതവിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിക്കണമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
കേരള സർവകാലാശാലയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ടു ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും സർക്കാരുമായി കടുത്ത ഭിന്നത നിലനിന്നിരുന്നു. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനെതിരേ എസ്എഫ്ഐ ശക്തമായ സമരമാണു സംഘടിപ്പിച്ചത്. ഓഫീസിൽ വരാതെ വിസി മാറിനിന്നതോടെ സർവകലാശാലയിൽ ഭരണസ്തംഭനമു ണ്ടായി. ഇതു സർക്കാരിനും സിപിഎമ്മിനുമെതിരെയുള്ള ആയുധമാകുമെന്നു കണ്ടു വിസിയെ ചർച്ചയ്ക്കു വിളിക്കാൻ സിപിഎം നേതൃത്വം നിർദേശം നൽകി. മന്ത്രി ആർ.ബിന്ദുവും വിസിയും തമ്മിൽ നടന്ന ചർച്ചയ്ക്കു ശേഷം ഡോ. മോഹനൻ കുന്നുമ്മൽ സർവകലാശാലയിൽ എത്തുകയും, തുടർന്ന് എസ്എഫ്ഐ പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തു.
പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. ഇതോടെ ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചുവെന്നാണു കരുതിയത്. പക്ഷേ വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതോടെ സിപിഎം ഗവർണർക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. സർവകലാശാലകളിലെ കാവിവത്കരണത്തിനെതിരേ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടുപോകാൻ എസ്എഫ്ഐക്കു സിപിഎം നിർദേശം നൽകിയിട്ടുണ്ട്.
കേരള സർവകലാശാലാ വിസി ഡോ. മോഹനൻ കുന്നുമ്മൽ, കാലിക്കറ്റ് വിസി പി. രവീന്ദ്രൻ, കണ്ണൂർ വിസി കെ.കെ. സാജു, കുഫോസ് വിസി എ. ബിജു കുമാർ എന്നിവരാണ് ആർഎസ്എസ് പരിപാടിയിൽ പങ്കെടു ത്തത്.